ആമുഖം
എന്റെ മനസ്സ് എപ്പോഴും ഓർമ്മകളിൽ തങ്ങിനിൽകുന്നു. ഓർമ്മകളിൽ ആണ് എന്റെ ജീവിതത്തിന്ടെ സൌദര്യം തുടിക്കുന്നത് . ഇരുണ്ടതും കടുത്ത നിറങ്ങൾ നിറഞ്ഞതും പരിഷ്ക്കാരത്തിടെ കൈകൾക്കു എത്തി പിടിക്കാൻ പറ്റാതതുമായ പഴമയുടെ പുതപ്പിൽ ചുരുണ്ടു ഉറങ്ങുകയാണ് എന്റെ മനോഹരമായ ഓർമ്മകൾ . പോയ് മറഞ്ഞ കാലത്തിന്ടെ പിറകെ എത്തിപിടിക്കനായ് വ്യഗ്രത പൂണ്ട മനസ്സുമായാണ് എന്റെ ഹൃദയം എപ്പോഴും സ്പന്ദിക്കുന്നത് . ഇന്ന് എന്നത് നാളെ ഒരു ഓർമ്മയാക്കുമെന്നറിയാം പക്ഷെ ഇന്നത്തെ സൌന്ദര്യം അറിയുന്നതു പലപ്പോഴും ഇന്നത്തെ നിമിഷങ്ങൾ ഇന്നലകളെ പുൽകുമ്പോൾ ആയിരിക്കും…..
നാടുനീങ്ങിയ ഒരു സർപ്പക്കവിന്ടെ ഓർമ്മ
രാത്രി ജാലക പഴുതിലൂടെ പുറത്തേക്കു നോക്കുമ്പോൾ ഇരുട്ടിൽ കാണുന്ന അടക്കാമരങ്ങളുടെ നിഴൽ കാഴ്ച്ച പോലെയാണ് ഓർമ്മകൾ.വ്യക്തമെങ്കിലും ഇരുട്ടിന്ടെ ക്ലാവു പിടിച്ചിരിക്കും .
ഇലഞ്ഞി പൂക്കൾ നക്ഷത്രം വിരിച്ച മുറ്റത്തുകൂടി നടന്നു ചെന്നാൽ എത്തുന്നത് എന്റെ അച്ഛന്ടെ തറവാട്ടിലെ കിഴകോറത്തുള്ള സർപ്പകാവിനടുത്താണ്. ഇരുട്ടത്തു ഭയതിന്ടെയും നിഗൂഡതയുടെയും അന്തരീഷം . അവിടെ ആ സർപ്പങ്ങളും സങ്കൽപ്പങ്ങളും നൂറുകൂട്ടം കഥകളും ഉറങ്ങുന്ന കാവിൽ നിന്നു കാട്ടുമുല്ലയുടെയും കാടിലഞ്ഞിയുടെയും പാലയുടെയും ചെമ്പകതിന്ടെയും ഗന്ധം വനടെവതമാരെ പോലെ അന്തരീഷത്തിലെക്കു അരിച്ചിറങ്ങും . അതിൽ എനിക്കുമുൻപെങ്ങൊ മറഞ്ഞുപോയവരുടെ ആത്മാക്കൾ എവിടെനിന്നോ നോക്കി ചിരിക്കും. ചന്ദികയുടെ ലാവണ്യം വീണ മണ്ണിൽ ഗന്ധർവന്മാർ തങ്ങളുടെ പ്രിയമയതെന്തോ തേടിയലയും. അഞ്ജതമായ എന്തോ ഒന്നു തങ്ങി നില്ക്കുന്ന ഒരു സ്വപ്നഭൂമി.അവിടെയാകെ പരക്കുന്ന ആ പൂകളുടെ ഗന്ധത്തിൽ ചെമ്പകപൂകളുടെ ഗന്ധമാണ് എനിക്ക് ഏറെ പ്രീയം .കാരണം , എവിടയോ മറന്നുവച്ച ഒരുകൂട്ടം ഓർമ്മകളുടെ ഗന്ധമായെരുന്ന് ആ ചെമ്പകപൂകളുടെത് …..
കാട്ടു തെച്ചി അതിർത്തി കാത്ത കാവിൽ എന്തോ ഏറെ കാലം ആരും വിളക്കുതെളിച്ചില്ല.അതുകൊണ്ട് നൂറും പാലിനുമായി ദാഹിച്ചു നിൽക്കുന്ന നാഗ ൈദവങ്ങളുടെ ശാപത്തെ ഭയന്ന് എല്ലാവരും അതിൽ കയറാൻ മടിച്ചു. പിന്നെ ആ കാവിൽ ആരും കയറാതിരിക്കാൻ അടക്കാമരത്തിനടെ വാരി കൊണ്ടു അതിർത്തിയും തിരിച്ചു . ഇടക്കിടക്ക് കിഴക്കുനാട്ടിലെ മലയിൽ നിന്നു എവിടുന്നോ പലതരം പച്ചമരുന്നുകൾ തേടി വരുന്ന ഒരു മലവേടൻ മാത്രം നാഗ ൈദവങ്ങളെ പേടിക്കാതെ തനിക്കവിശ്യമുള്ള പച്ചമരുന്നുകൾ പറിച്ചു മടങ്ങി .
എന്നെപോലെതന്നെ എന്റെ സമപ്രായക്കാരനായ ഇളയഛ്ടെ മകൻ അരുണിനും (അരു) ആ കാടിനോടു കൌതുകമായീരുന്നു.പകൽ സമയത്തും അതിനകത്ത് ഇരുട്ടയെരുന്നു.ചൂണ്ടപ്പന,കുടപ്പന,മയിലെള്,വേങ്ങ,കട്ടുകറുക , അശോകം ,കട്ടിലഞ്ഞി, ചേര്,ഇലഞ്ഞി, മഞ്ചാടി, ഞാവൽ ,പാല്മുതക്, മരോട്ടി , പൈൻ,കരിമ്പന,നീലാമരി , കൃഷ്ണകിരീടം , കുന്നി, മേതോന്നി,ദശപുഷ്പം പിന്നെ പലതരം പേരറിയാത്ത വള്ളികളും ഒക്കെ ഉണ്ടായിരുന്നു അതിൽ. മരപ്പട്ടി,വവ്വാൽ,പാമ്പുകൾ,മരംകൊത്തികൾ,പൊന്മാൻ,കാക്കകുയിൽ, പുള്ളിക്കുയിൽ,കാക്കകൾ, പുത്തൻകീരി,കുളകോഴി,മുങ്ങ,പരുന്ത്, കുതികുണുക്കി,പിന്നെ ദേശാടനകിളികൾ , ചിത്രസലഭങ്ങൾ ഒക്കെ അവിടെ സസുഖം വാണിരുന്നു .ആളനക്കം കുറഞ്ഞപോൾ കോഴിയെ പിടിക്കുന്ന കുറുക്കന്മാരും അവിടെ താമസമകിയിരുന്നു .എന്റെ അച്ഛമ്മ വളർത്തിയിരുന്ന കോഴികളെയും അവർ രാത്രികാലങ്ങളിൽ വന്നു പിടിച്ചു കൊണ്ടുപോയ് വിശപ്പടക്കിയിരുന്നു.
മൂന്നു മൂന്നര വയസുള്ളപ്പോൾ ഞാനും അരുവും കൂടി കാവിലെ വാരിവേലി തകർന്ന വശത്തുകൂടി അകത്തു കടക്കാൻ സ്രമിക്കുനതു കണ്ട് അച്ഛമ്മ ഓടിവന്ന് ചെമ്മിപുളിയുടെ ഇലകളഞ്ഞ കുഞ്ഞുവാടിവച്ചു തല്ലി . അപ്പോൾ ഞാൻ കരഞ്ഞതൊക്കെ എനിക്കു നല്ല ഓർമ്മയുണ്ട് 🙂 വേനൽകാലത്ത് അപൂപ്പൻ താടി ഞങ്ങളുടെ കൂടെ കളിക്കാൻ വന്നിരുന്നതു അവിടെനിന്നായിരുന്നു.
അങ്ങനെ കാലം ഏറെ പോയി, ഞങ്ങൾ രണ്ടും വലുതായി. “ഈ നാഗകാവ് എന്തിനിങ്ങനെ നിർത്തണം ? ഏതെങ്കിലും നാഗക്ഷേത്രത്തിൽ കൊണ്ടു പ്രതിഷ്ടികുന്നതല്ലേ നല്ലത് ?” കാരണവന്മാർ അങ്ങനെ പറഞ്ഞുതുടങ്ങി. അവസാനം തൃപ്പുണിത്തുറ കഴിഞ്ഞു കുറച്ചു അകലെഉള്ള ആമേട എന്ന നാഗക്ഷേത്രത്തിൽ കൊണ്ടു പ്രതിഷ്ടിക്കാം എന്നു അവിടുത്തെ തിരുമേനിയെ കണ്ട് സംസാരിച്ചു തീർച്ചപ്പെടുത്തി. അദ്ദെഹം ആളെകണ്ട ഉടൻ വന്ന കാര്യവും നാഗകാവിരിക്കുന്ന ദിക്കും സ്ഥാനവും ഇങ്ങോടു തന്നെ പറഞ്ഞപ്പോൾ അത്ഭുതം കൂറിനിൽകാനെ അച്ഛനു നിവർത്തിഉള്ളായിരുന്നു.ഒടുവിൽ ഒരു ദിനം തീരുമാനിച്ചപോലെ കാടിനടുത്ത് കളംവരച്ചു, വിളക്കുകത്തിച്ചു,പൂവും നീരും ഒഴിച്ചു മന്ത്രം ജപിച്ചു നാഗങ്ങളെ ആവാഹിച്ചിരുത്തി.കാവിൽ തിരിതെളിചിരുനിലെങ്കിലും ഞങ്ങ ളുടെ നാഗങ്ങൾകു ഞങ്ങളോട് കൊപമോന്നുമില്ലയിരുനെന്നും , ദിനവും തിരി തെളിയിച്ചിരുനെകിൽ ഐശ്വര്യ സമൃതിവർധിചെനെ എന്നും തിരുമേനി പറഞ്ഞു. പൂജക്കു ശേഷം കാട് വെട്ടിത്തെളിച്ച് അതിലെ മരത്തിന്ടെ ഒരു ചെറിയ ചീളുപോലും ആ പറമ്പിൽ അവശേഷിക്കരുതെന്നു പറഞ്ഞതനുസരിച്ച് അദ്ദെഹത്തിടെ നിർദ്ദേശതോടെ ഒരു ആൾക്കു ആ മുഴുവൻ തടികളും അവശിഷ്ടങ്ങളും കൊടുത്തയച്ചു. ഇപ്പോഴും ഞങ്ങളുടെ കുടുംബം ആമേടയിൽ തോഴൻ എത്തിയാൽ ആ കുടിഇരുത്തിയ നാഗങ്ങൾക്ക് ഞങ്ങളുടെ വരവരിയാനും ഞങ്ങളെ തിരിച്ചറിയാനും പറ്റുമത്രെ.
അങ്ങനെ പലതരം പക്ഷികളും ചെറുജീവികളും വൃക്ഷലതാദികളും ആമകളും നാരികളും തവളകളും പാർത്തിരുന്നകാടും അതിനു അനുബന്ധമായ കുളങ്ങളും കണ്ടങ്ങളും ഒക്കെ ഒരു തെളിഞ്ഞ നിലമായിമാറി 🙁 എന്നിൽ ഏറെ കൌതുകം നിറച്ച ആ കാവിൽ ഒരുവട്ടം കയറികാണുക എന്ന ആശ നടക്കാതെ പോയി.ആ സ്വപ്നഭുമിയെ എന്റെ ഓർമ്മകളിൽ മാത്രമാണു ഞാനിപ്പോൾ കണ്ടുമുട്ടുന്നത്. പണ്ടെങ്ങോ കേട്ട പുള്ളൂവൻ പാട്ടിന്ടെ ഈണം എന്റെ സ്മൃതികളിൽ എവിടയോ കേൾകുന്നു.ദൂരെ അതു നേർത്തു നേർത്തു ഇല്ലാതാകുന്നു……